പതിനേഴുകാരനെ പൊലീസുകാരൻ വെടിവച്ച് കൊന്നതിനെ തുടർന്ന് ഫ്രാൻസിൽ മൂന്നാം ദിനവും പ്രതിഷേധം രൂക്ഷമാവുന്നു. പൊതുഗതാഗത സംവിധാനങ്ങൾക്കുനേരെ വ്യാപക ആക്രമണം ഉണ്ടായതോടെ പാരിസിൽ ബസ്, ട്രാം സർവീസുകൾ നിർത്തി. കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രക്ഷോഭകർ വാഹനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീയിട്ടതായും ബാങ്കുകൾ കൊള്ളയടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതുവരെയായി 250 പൊലീസ് ഉദ്യോഗസ്ഥർക്ക് അക്രമണങ്ങളിൽ പരുക്കേറ്റു. കലാപകാരികളായ 667 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഭൂരിഭാഗവും 14നും 18നും ഇടയിൽ പ്രായമുള്ളവരാണെന്ന് ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമനിൻ പറഞ്ഞു.
ചൊവ്വാഴ്ച ട്രാഫിക് പരിശോധനയ്ക്കിടെയാണ് കൗമാരക്കാരനായ നയ്‌ലിനെ പൊലീസ് വെടിവച്ചത്. അൾജീരിയൻ – മൊറോക്കൻ വംശജനായ നയീൽ എന്ന പതിനേഴുകാരനെയാണു വാഹനപരിശോധനയ്ക്കിടെ പൊലീസ് അകാരണമായി വെടിവച്ച് കൊന്നത്. ഇയാൾ പൊലീസിനുനേരെ വണ്ടിയോടിച്ച് വന്നതിനാലാണ് വെടിവച്ചതെന്ന പൊലീസ് വാദം. എന്നാൽ സി സി ടീവീ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു. നയീലിനു നെഞ്ചിലാണ് വെടിയേറ്റത്. വെടിയുതിർത്ത പൊലീസുകാരനെതിരെ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. ഇയാളെ സ്വകാര്യ കരുതൽ തടങ്കലിലേക്കു മാറ്റി.
കലാപം അടിച്ചമർത്തുന്നതിനായി 40,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പലയിടങ്ങളിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ഥിതിഗതികൾ വഷളാകുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതുവരെ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും മക്രോൺ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു.