മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കായി റവന്യൂ വകുപ്പിനെ മറികടന്ന് പിണറായി വിജയൻ ഇടപെട്ടുവെന്നാണ് പ്രധാന ആരോപണം. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന വീണാ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ പങ്കാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സിഎംആര്‍എൽ അപേക്ഷ നൽകി. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. സിഎംആർഎല്ലുമായി ബന്ധപ്പെട്ട ആരോപണത്തിൽ വ്യവസായ വകുപ്പോ മുഖ്യമന്ത്രിയോ സിപിഐഎമ്മോ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. മുഖ്യമന്ത്രി സിഎംആർഎല്ലിനെ സഹായിച്ചതിന്റെ തെളിവു പുറത്തുവിട്ടിട്ടും എന്തേ മുഖ്യമന്ത്രി മിണ്ടാത്തത് എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
തോട്ടപ്പള്ളിയിലെ ഖനനം സിഎംആർഎല്ലിന് ഗുണമുണ്ടാക്കുന്ന വിധത്തിലാണ്. 40,000 കോടി രൂപയുടെ കരിമണൽ ഖനനം ചെയ്തെടുത്തു. തോട്ടപ്പള്ളിയിൽ കെആർഇഎംഎൽ സ്ഥലം വാങ്ങിയതിൽ ഭൂപരിധി നിയമം ലംഘിച്ചു. കെആർഇഎംഎൽ ഭൂപരിധി നിയമത്തിൽ ഇളവുതേടി സർക്കാരിനെ സമീപിച്ചതിന്റെ തെളിവും കുഴൽനാടൻ പുറത്തുവിട്ടു. 2004ൽ CMRL ന് ലഭിച്ചിരുന്ന ലീസ് യു.ഡി.എഫ് സർക്കാരാണ് തീരുമാനിച്ചിരുന്നത്. പിന്നീട് അച്യുതാനന്ദൻ സർക്കാരും, ഉമ്മൻ ചാണ്ടി സർക്കാരും അത് തുടർന്നു. പിണറായി സർക്കാരിൻ്റെ ആദ്യ പരിശ്രമം ആ ലീസിന് ജീവൻ നൽകാനായിരുന്നു. വകുപ്പല്ലാതിരുന്നിട്ടും മുഖ്യമന്ത്രി നേരിട്ട് ഫയൽ വിളിച്ച് വരുത്തി ലീസിന് ജീവൻ നൽകി. അതെന്തിന് എന്ന ചോദ്യത്തിന് ഇതുവരെ വകുപ്പോ, മുഖ്യമന്ത്രിയോ പാർട്ടിയോ മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പിൽ വരുന്ന വിഷയമല്ലിത്. പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് യഥാർത്ഥത്തിൽ റവന്യൂ വകുപ്പാണ്. രണ്ടിലും മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടു എന്നാണ് തെളിവ് പുറത്ത് വിടുന്നത്.
എന്തിനാണ് മുഖ്യമന്ത്രി മകളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്. അന്തിമ വിധി ജനകീയ കോടതി വിലയിരുത്തുമെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ, നിയമസഭയിൽ പോലും പ്രശ്നം ഉന്നയിക്കാൻ അവസരം നൽകുന്നില്ലെന്നും പരസ്യ സംവാദത്തിന് പി രാജീവിനെയും എം ബി രാജേഷിനെയും വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു.
ആദ്യം റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ഇ.എംഎല്ലിന്റെ അപേക്ഷ 2021 മെയ് നാലിന് തള്ളി. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നൽകി. എന്നിട്ടും ആവശ്യം നിരാകരിക്കപ്പെട്ടതോടെ സിഎംആര്‍എൽ മുഖ്യമന്ത്രിയെ സമീപിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു ആവശ്യം. ടൂറിസം, സോളാർ പദ്ധതികൾക്കായി ഇളവ് തേടി. 2021 ജൂലൈ അഞ്ചിന് സിഎംആര്‍എൽ അപേക്ഷ നൽകി. ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 2022 ജൂൺ 15 ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാൻ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.