പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരിച്ച് കേരള വനമേഖലയിലേക്ക് തന്നെ സഞ്ചരിക്കുന്നുവെന്ന് വനം വകുപ്പ്. തമിഴ്‌നാട് വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പന്‍ തിരികെ വീണ്ടും കേരളത്തിലെ വനമേഖലയിലേക്ക് മടങ്ങുന്നുവെന്നാണ് സൂചനകൾ. നിലവിൽ മണ്ണാത്തിപ്പാറയിലാണ് അരിക്കൊമ്പനുള്ളത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പ് സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
തമിഴ്‌നാട് വനം മേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ മണിക്കൂറുകളോളം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം കേരളത്തിലേക്ക് തിരിച്ച് സഞ്ചരിക്കുകയാണ്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനം വകുപ്പ് അറിയിച്ചത്. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നുവെങ്കിലും എടുത്തിരുന്നില്ല. മരുന്നുചേര്‍ത്ത വെള്ളം വച്ച വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടിരുന്നു. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം തുറന്നുവിട്ട സ്ഥലത്തിന് മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു.
ശനിയാഴ്ച 11.55ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്. മയങ്ങാതിരുന്നതോടെ വീണ്ടും മയക്കുവെടിവെച്ചാണ് ആനയെ നിയന്ത്രണത്തിലാക്കിയത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ അരുണ്‍ സഖറിയ വെടിവെച്ചത്. ജെസിബി ഉള്‍പ്പെടെ എത്തിച്ച് സ്ഥലം നിരപ്പാക്കിയ ശേഷമാണ് അരിക്കൊമ്പനെ ലോറിക്ക് സമീപത്തേക്ക് എത്തിച്ചത്. മയക്കത്തിലും ശൗര്യം കാട്ടുന്ന അരിക്കൊമ്പനെയാണ് ചിന്നക്കനാലില്‍ കണ്ടത്. തുടർന്ന് പെരിയാർ വന്യജീവിസങ്കേതത്തിൽ മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നു വിടുകയായിരുന്നു. കുങ്കിയാനകളുടെ സഹായം ഇല്ലാതെയാണ് അരിക്കൊമ്പനെ തിരികെ ഇറക്കിയതെങ്കിലും ബുദ്ധിമുട്ടുകളൊന്നും നേരിട്ടില്ല. പ്രവേശന കാവടത്തിൽ നിന്നും 17.5 കിലോമീറ്റർ അകലെയാണ് ആനയെ തുറന്നു വിട്ടത്