2018ലെ പ്രളയത്തിന് കാരണം അഴിമതിയാണെന്ന ആരോപണവുമായി മുവാറ്റുപുഴ എം.എല്‍.എയും നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മാത്യു കുഴല്‍നാടന്‍. വൈദ്യുതി മന്ത്രിയും മുന്‍ ജലവിഭവവകുപ്പ് മന്ത്രിയുമായ കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയെന്ന അവകാശപ്പെടുന്ന സംഭാഷണം പുറത്തുവിട്ടാണ് മാത്യു കുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിയതിലും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമക്കേടുകളും അഴിമതിയും നടന്നുവെന്ന് കൃഷ്ണന്‍കുട്ടി പറയുന്നതായി അവകാശപ്പെടുന്ന ശബ്ദരേഖയാണ് മാത്യുകുഴല്‍നാടന്‍ പുറത്തുവിട്ടത്.
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് അതിന് താഴെയുള്ള മണല്‍ത്തിട്ട വെള്ളം കൊണ്ടുപോകും എന്നതിനാലാണെന്ന് കൃഷ്ണന്‍കുട്ടി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനോടുള്ള സംഭാഷണത്തില്‍ പറയുന്നുണ്ട്. ഒരു സ്വകാര്യ കമ്പനി മണലിന്റെ കരാര്‍ എടുത്തിരിക്കുന്നത് ക്യുബിക് മീറ്ററിന് 62 രൂപയ്ക്കാണ്. അത് മറിച്ചുവിറ്റാല്‍ രണ്ടായിരം രൂപ കിട്ടും. എല്ലാം ചെലവും കഴിഞ്ഞ് 300 കോടി രൂപയെങ്കിലും കിട്ടുമെന്നും മാത്യുകുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ പറയുന്നു.
പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കാന്‍ വൈകിയതിന് പിന്നിലും അഴിമതിയാണ്. തമിഴ്‌നാട്ടിലെ കരാറുകാരന് വേണ്ടിയാണ് ആളിയാറിലെ വെള്ളം കൂടുതലായി അവിടേക്ക് ഒഴുക്കാതിരുന്നത്. ഒടുവില്‍ ആളിയാര്‍ തുറന്നപ്പോള്‍ ചാലക്കുടി പുഴയില്‍ വെള്ളപ്പൊക്കമുണ്ടായെന്നും ശബ്ദരേഖയിലെ സംഭാഷണം ചൂണ്ടിക്കാട്ടി മാത്യുകുഴല്‍നാടന്‍ ആരോപണം ഉന്നയിച്ചു.

