രണ്ട് മെയ്‌തേയി വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി മണിപ്പൂരിലെത്തിയിരിക്കുന്ന സിബിഐ സംഘത്തിന് സിആര്‍പിഎഫ് സുരക്ഷ ഒരുക്കും. വേഗത്തിലുള്ള അന്വേഷണത്തിനും സിബിഐ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അക്രമബാധിത പ്രദേശങ്ങളിലെ സന്ദര്‍ശന വേളയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അവരെ അനുഗമിക്കും എന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനായി, സ്പെഷ്യല്‍ ഡയറക്ടര്‍ അജയ് ഭട്നാഗറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം ഇന്നലെയാണ് ഇംഫാലില്‍ എത്തിയത്.
ജൂലൈയില്‍ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന, ഫിജാം ഹേംജിത് (20), ഹിജാം ലിന്തോയിംബി (17) എന്നീ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ തിങ്കളാഴ്ച (സെപ്റ്റംബര്‍ 25) സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.
ജൂലൈ 6 മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആര്‍എഫ്എ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലും ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതില്‍ 45 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സംസ്ഥാന പോലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ഉള്‍പ്പെടെയുള്ള സുരക്ഷാ സേന കണ്ണീര്‍ വാതക ഷെല്ലുകളും സ്‌മോക് ബോംബുകളും പ്രയോഗിച്ചു.
മെയ്‌തേയ് സമുദായത്തിന്റെ പട്ടികവര്‍ഗ പദവി ആവശ്യത്തില്‍ പ്രതിഷേധിച്ച് മെയ് 3 ന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ 120 ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 3,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുമായി മണിപ്പൂര്‍ പോലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.