മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി. മണിപ്പൂരിലെ അക്രമത്തിന് പിന്നിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. അക്രമ സംഭവങ്ങൾ അന്വേഷിക്കണമെന്ന സുപ്രീം കോടതിയുടെ രേഖാമൂലമുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഉത്തരവ് പ്രകാരം മണിപ്പൂരിൽ അക്രമം നടത്തിയവർക്ക് പോലീസ് കൂട്ടുനിന്നതായും ആരോപണമുയർന്നിട്ടുണ്ട്. ഈ ആരോപണങ്ങൾ ഉൾപ്പെടെ അന്വേഷിക്കാൻ മഹാരാഷ്ട്ര മുൻ ഡിജിപി ദത്താത്രേയ പദ്‌സാൽഗിക്കറോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.. അന്വേഷണത്തിന് ആവശ്യമായ സഹായം നൽകാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകിയ സുപ്രീംകോടതി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടു.
മെയ് മൂന്നിന് മണിപ്പൂരിലാണ് വർഗീയ സംഘർഷം ആദ്യം ആരംഭിച്ചത്. മെയ്തേയി സമുദായത്തെ പട്ടികവർഗത്തിൽ (എസ്ടി) ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ചാണ് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചത്. മാർച്ചിന് നേരെയുണ്ടായ ആക്രമണം ആളിക്കത്തി വർഗീയ സംഘർഷത്തിലേക്ക് വഴിവെയ്ക്കുകയായിരുന്നു.
കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. മുൻ ജഡ്ജിമാരായ ഗീത മിത്തൽ, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരും. ഇതുസംബന്ധിച്ച റിപ്പോർട്ട് സമിതി കോടതിക്ക് സമർപ്പിക്കും.