മണിപ്പൂർ കലാപത്തിൽ പ്രതിപക്ഷസഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് മറുപടി നൽകും. മണിപ്പൂർ അക്രമം ചൂണ്ടിക്കാട്ടി ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) സഖ്യമാണ് പ്രമേയം അവതരിപ്പിച്ചത്. അവിശ്വാസ പ്രമേയത്തിന്മേൽ നടന്ന രണ്ട് ദിവസത്തെ കടുത്ത ചർച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ മറുപടി വരുന്നത്. വൈകിട്ട് നാലിന് അദ്ദേഹം സഭയെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിശ്വാസപ്രമേയത്തിൻമേൽ സഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനും സാധ്യതയുണ്ട്. അവിശ്വാസപ്രമേയ ചർച്ച അവസാനിക്കുന്നതോടെയാണ് പ്രധാനമന്ത്രി മറുപടി പറയുക
പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിച്ചത് മുതൽ മണിപ്പൂർ വിഷയം സഭാ നടപടികളിൽ തടസ്സം സൃഷ്‌ടിക്കുകയാണ്. പ്രതിപക്ഷം ഈ വിഷയത്തിൽ പ്രധാനമന്ത്രി മോദിയോട് പ്രസ്‌താവന നടത്താൻ ആവശ്യപ്പെട്ടിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ ലോക്സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്ക് പോരണ് കഴിഞ്ഞ ദിവസം നടന്നത്. മണിപ്പൂരിൽ ഇന്ത്യയെ കൊലപ്പെടുത്തിയെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനേയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് പ്രധാനമന്ത്രി കരുതുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്ന് രാഹുല്‍ ചോദിച്ചു. താൻ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അതിക്രമം നേരിട്ട സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാൻ മോദി തയ്യാറാകണം. ഇന്ത്യയുടെ ശബ്ദമല്ലാതെ വേറെ ആരുടെ ശബ്ദമാണ് കേള്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു.
സ്‌പീക്കർ ഓം ബിർള സഭ പിരിച്ചുവിടുന്നതിന് മുൻപായി പ്രധാനമന്ത്രി മോദി ലോക്‌സഭയിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്‌ച സ്ഥിരീകരിച്ചു. അതേസമയം ചൊവ്വാഴ്‌ച കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് തുടക്കമിട്ടത്.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മോദിയുടെ മൗനവ്രതം തകർക്കാനാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം നിർബന്ധിതരായതെന്ന് ചർച്ചയിൽ അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യാ മുന്നണിയുടെ ഭാഗമല്ലാത്ത ബിആർഎസ് അവിശ്വാസപ്രമേയത്തെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, ടിഡിപി തുടങ്ങിയ പാർട്ടികൾ സർക്കാരിനെ പിന്തുണയ്ക്കും.