ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ച സംഭവത്തിൽ ഒരു യുവതിയടക്കം 4 പേർ പിടിയിൽ. തങ്ങൾക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്ന് യുവതി പ്രതികരിച്ചു. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഷൂസിന് ഉള്ളിലാണ് കളർ സ്പ്രൈ ഒളിപ്പിച്ചത്. ലോക്‌സഭാ അംഗങ്ങൾക്ക് ഇടയിലേക്ക് ഓടിയെത്തിവർക്ക് സന്ദർശക ഗാലറിയിലേക്കുള്ള പാസ് നൽകിയത് ബിജെപി എംപി ആണെന്നും സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ഉണ്ട്.
അതേസമയം എംപി മാർ എല്ലാവരും തന്നെ സുരക്ഷിതരാണ്. ആർക്കും പരിക്കോ മറ്റു അപകടങ്ങളോ ഇല്ല. പാർലമെന്റ് ആക്രമണത്തിന്റെ വാർഷികത്തിലാണ് സംഭവം എന്നതും ശ്രദ്ധേയമാണ്. ഏകാധിപത്യം അനുവദിക്കില്ലെന്നായിരുന്നു ഇവർ മുഴക്കിയ മുദ്രാവാക്യം. എന്നാൽ രണ്ടാഴ്ച മുൻപ് ഖലിസ്ഥാൻ തീവ്രവാദികൾ പാർലമെന്റ് ആക്രമിക്കുമെന്ന് അറിയിപ്പ് നൽകിയിട്ടും മുന്നറിയിപ്പിനെ സർക്കാർ കാര്യമായി എടുത്തില്ല എന്ന പരാതിയും എം പി മാർ ഉയർത്തി.
അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ലോക്സഭാ സ്പീക്കർ പറഞ്ഞു. അതിക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പാർലമെന്റിൽ സുരക്ഷാ വിന്യാസം കൂട്ടിയിട്ടുണ്ട്.