മഹാശിവരാത്രി നാളിലെ അമൃത സ്നാനത്തോടെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭ മേളയ്ക്ക് സമാപനം. ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ എത്തിയ മഹാ കുംഭമേളയിൽ ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തിയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. പ്രയാഗ് രാജില്‍ മഹാകുംഭമേളയിലെ ശിവരാത്രി സ്‌നാനത്തിനായി വന്‍ ജന പ്രവാഹമാണ് എത്തിയത്. ഇന്നലെ മാത്രം എത്തിയത് 1.18 കോടി പേരാണ് അമൃത സ്നാനത്തിന് എത്തിയത് എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇത് ലോകത്തിനുള്ള ഐക്യ സന്ദേശം എന്ന് യോഗി പ്രതികരിച്ചു. ഇന്നലെ ശിവരാത്രിയിലെ സ്നാനത്തോടെയാണ് മഹാകുംഭമേളയ്ക്ക് സമാപനമായത്.
ജനുവരി 13നാണ് ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തിൽ കുംഭ മേള ആരംഭിച്ചത്. കഴിഞ്ഞ 10 ദിവസങ്ങളില്‍ പ്രതിദിനം 1.25 കോടി യോളം തീര്‍ത്ഥാടകര്‍ സ്‌നാനത്തിനെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ ഹെലികോപ്റ്ററിൽ നിന്ന് പുഷ്പ വൃഷ്ടിയും നടത്തി.
ജനുവരി 13ന് പൗഷ് പൗർണിമ സ്‌നാനത്തോടെയാണ് മേള തുടങ്ങിയത്. ആർത്തിരമ്പുന്ന കടലായി ലക്ഷക്കണക്കിനു തീർത്ഥാടകർ ഓരോ ദിവസവും ത്രിവേണി സംഗമത്തിൽ എത്തി. മൗനി അമാവാസി ദിനമായ ജനുവരി 29ന് 5 കോടി തീർത്ഥാടകരാണ് എത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, രാജ്യാന്തര വ്യവസായ പ്രമുഖർ തുടങ്ങിയവരും എത്തി. തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുന്നവർക്കു വേണ്ടി പ്രയാഗ്‌രാജിൽ നിന്ന് 350ൽ അധികം അധിക ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. 2027ൽ മഹാരാഷ്ട്രയിലെ നാസിക്കിലാണ് അടുത്ത കുംഭമേള.