മഹാകുംഭമേളയിലെ മൂന്നാം അമൃത് സ്നാനത്തിന് വൻ ഭക്തജന തിരക്ക്. ബസന്ത് പഞ്ചമി ദിനത്തിലെ അമൃത് സ്നാനത്തിനായി ലക്ഷങ്ങളെത്തി. മഹാകുംഭ മേളയുടെ അവസാനത്തെ അമൃത സ്‌നാന ദിവസമായ വസന്ത് പഞ്ചമി നാളിൽ ലക്ഷക്കണക്കിന് ഭക്തരും സന്യാസിമാരും അഖാഡകളും പുണ്യസ്‌നാനത്തിൽ പങ്കെടുത്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അഖാടകൾ അവരുടെ മഹാമണ്ഡലേശ്വരരുടെ നേതൃത്വത്തിൽ, ത്രിവേണി സംഗമത്തിലേക്ക് അചാരാനുഷ്ടാനത്തോടെ, എത്തുകയും പുണ്യസ്‌നാനഗ നടത്തുകയും ചെയ്തു. ഉത്തർപ്രദേശ് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച്, രാവിലെ 8 മണി വരെ 62.25 ലക്ഷത്തിലധികം ഭക്തരാണ് പുണ്യസ്‌നാനം നടത്തിയത്.
എല്ലാ ഘാട്ടുകളിലും അഖാരകളിലും ഭക്തരുടെയും സന്യാസിമാരുടെയും നാഗ സന്യാസിമാരുടെയും മേൽ റോസാദളങ്ങൾ പതിച്ചു. ഓരോ സ്നാന സമയത്തും 20 ക്വിന്‍റൽ റോസാദളങ്ങളാണ് പുഷ്പവൃഷ്ടിക്കായി ഉപയോഗിക്കുന്നത്. മകര സംക്രാന്തിയിലെ ആദ്യത്തെ അമൃത് സ്‌നാൻ, മൗനി അമാവാസിയിലെ രണ്ടാമത്ത അമൃത് സ്നാൻ എന്നീ അവസരങ്ങളിലും യുപി സർക്കാർ പുഷ്പവൃഷ്ടി നടത്തിയിരുന്നു.
മഹാകുംഭമേളയിൽ ജനുവരി 13 മുതൽ ഞായറാഴ്ച വരെ 35 കോടി തീർത്ഥാടകർ പങ്കെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1.20 കോടിയോളം പേരാണ് കുംഭമേളയിൽ പങ്കെടുക്കാനായി എത്തിയത്. ഇവരിൽ 10 ലക്ഷം പേർ സന്യാസിമാരാണ്. രണ്ടാം അമൃതസ്‌നാന ദിവസമുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭമേള അവസാനിക്കാൻ ഇനി 23 ദിവസം മാത്രമാണ് ബാക്കിയുള്ളത്. കുംഭമേളയിൽ കഴിഞ്ഞ ദിവസം നടന്ന അപകടം കണക്കിലെടുത്ത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘സീറോ എറർ’ നിർദേശം പുറപ്പെടുവിച്ചിരുന്നു.
വസന്ത് പഞ്ചമി ദിനത്തിന്റെ സുദിനത്തിൽ, സന്യാസിമാർക്കും ഭക്തർക്കും യോഗി ആദിത്യനാഥ് തന്റെ ആശംസകൾ അറിയിച്ചു. ‘2025-ലെ മഹാകുംഭമേളയിൽ പ്രയാഗ്രാജിലെ ബസന്ത് പഞ്ചമിയുടെ മഹത്തായ അവസരത്തിൽ, ത്രിവേണി സംഗമത്തിൽ അമൃത സ്‌നാനം നടത്തി പുണ്യം സമ്പാദിച്ച ബഹുമാനപ്പെട്ട സന്യാസിമാർക്കും, മത നേതാക്കൾക്കും, എല്ലാ അഖാരകൾക്കും, കൽപ്പവാസികൾക്കും, ഭക്തർക്കും ഹൃദയം നിറഞ്ഞ ആശംസകൾ’- അദ്ദേഹം എക്‌സിൽ കുറിച്ചു.