ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകൾ തേടുകയാണ് കൊച്ചി കോർപ്പേറഷൻ. എന്നാൽ ഏതുരീതിയിൽ മുന്നോട്ടുപോവണം എന്ന കാര്യത്തിൽ ആണ് നിയമോപദേശം തേടാൻ നഗരസഭ ഒരുങ്ങുന്നത്. വിധിയ്ക്ക് എതിരെ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് നീക്കം. എവിടെ ഹർജി നൽകണമെന്നതിലാണ് നിയമവിദഗ്ധരുടെ അഭിപ്രായം തേടുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല എന്ന് കൊച്ചി മേയർ എം അനിൽ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും പിഴ കണക്കാക്കുന്നതിൽ ശാസ്ത്രീയ പഠനം നടത്തിയിട്ടില്ലെന്നുമാണ് കോർപ്പറേഷന്‍റെ വാദം.
മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രിബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശനം ഉണ്ട്. സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ലന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ചോദിച്ചിട്ടുണ്ട്.