ലണ്ടനിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ സന്ദർശനം തടസ്സപ്പെടുത്താൻ ഒരു കൂട്ടം ഖാലിസ്ഥാൻ തീവ്രവാദികളുടെ ശ്രമം. പ്രതിഷേധം സുരക്ഷാ വീഴ്ചയ്ക്ക് കാരണമായി. ഒരു ചർച്ചയ്ക്ക് ശേഷം ചാത്തം ഹൗസ് വേദിയിൽ നിന്ന് ജയ്ശങ്കർ ഇറങ്ങുമ്പോൾ, ഒരാൾ അദ്ദേഹത്തിന്റെ കാറിനടുത്തേക്ക് ഓടിയെത്തി പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറുകയായിരുന്നു. മാർച്ച് 4 മുതൽ 9 വരെയുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുകെ സന്ദർശനത്തിനിടെയാണ് സംഭവം.
സംഭവത്തിൻ്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഒരാൾ ആക്രമണോത്സുകനായി പാഞ്ഞടുക്കുന്നത് കാണാം. തുടക്കത്തിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിച്ചു നിന്നിരുന്നു. പ്രതിഷേധക്കാരൻ ത്രിവർണ്ണ പതാക വലിച്ചുകീറുന്നത് കാണാം. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ പോലീസ് ഇടപെട്ട് അയാളെയും മറ്റ് തീവ്രവാദികളെയും പിടിച്ചുകൊണ്ടുപോയി.
നേരത്തെ, ജയശങ്കർ ചെവനിംഗ് ഹൗസിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി വിപുലമായ ചർച്ചകൾ നടത്തി, തന്ത്രപരമായ ഏകോപനം, രാഷ്ട്രീയ സഹകരണം, വ്യാപാര ചർച്ചകൾ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിവയുൾപ്പെടെ നിരവധി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു.