സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഭേദഗതി വരുത്തി. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്നാണ് ഭേദഗതി വരുത്തിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സമയക്രമം അടക്കം നിശ്ചയിക്കണമെന്നാണ് ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്നു വിധിക്കണമെന്നും ആവശ്യമുണ്ട്. ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ബില്ലുകൾ ഗവർണർ പരിഗണിക്കുന്നതിലും അവ അംഗീകരിക്കുന്നതിലും ഗവർണർ സമയക്രമമടക്കം വ്യക്തമാക്കി കൊണ്ടുള്ള മാനദണ്ഡം വേണമെന്ന നിലപാടിലാണ് സർക്കാർ.
അതിനിടെ തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്ക് പോകുന്നതിനിടെ ഇന്നലെയാണ് സംഭവം. ജനറൽ ആശുപത്രി ജങ്ഷന് സമീപത്ത് കൂടി ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു. സംഭവത്തിൽ നാല് എസ്എഫ്‌ഐ പ്രവർത്തകരാണ് ആരിഫ് ഖാൻ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇവരെ നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നേരത്തെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയാൽ താൻ ഇനിയും കാറിന് പുറത്തിറങ്ങുമെന്ന് ഗവർണർ പ്രതികരിച്ചിരുന്നു. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് അത് തുടരാം. കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് താൻ പ്രതികരിച്ചതെന്നും വിമാനത്താവളത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.