സംസ്ഥാന വ്യാപകമായി പെയ്യുന്ന കനത്ത മഴ തുടരുന്നതിനാൽ മഴ മുന്നറിയിപ്പിൽ കാലാവസ്ഥ വകുപ്പ് ഉച്ചയോടെ മാറ്റം വരുത്തി. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രണ്ടു ജില്ലകളിലും അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർ അറിയിച്ചു. അങ്കണവാടി ഉൾപ്പെടെയുള്ളവയ്ക്കും അവധി ബാധകമാണ്. നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ക്കു മാറ്റമുണ്ടായിരിക്കുന്നതല്ല.
കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. ചെറുപുഴ ഉദയംകാണാക്കുണ്ടിൽ ഉരുൾപൊട്ടി, റോഡ് ഒലിച്ചുപോയി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിനു സമീപവും ഉരുൾപൊട്ടി. മുഴപ്പിലാങ്ങാട് വീടുകളിൽ വെള്ളം കയറി. എട്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണംഎന്നും നിർദ്ദേശമുണ്ട്.
അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാൻ തയ്യാറാകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാവുകയും ആളുകളെ വീടുകളിൽ നിന്നു ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗുരുതരമായ ദുരന്ത സാഹചര്യത്തെ ഭയപ്പെടേണ്ട അവസ്ഥ ഇല്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.