തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ഇതു സംബന്ധിച്ച നിയമപരിശോധന സര്‍ക്കാര്‍ ആരംഭിച്ചു. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. നിയമം നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹര്‍ജി നല്‍കാന്‍ മുസ്ലീം ലീഗും തീരുമാനിച്ചിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ലീഗ് ആവശ്യപ്പെടും. നേതാക്കള്‍ ഇന്ന് പാണക്കാട് യോഗം ചേരും. സിഎഎയ്ക്കെതിരെ ഡിവൈഎഫ്ഐ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹീം അറിയിച്ചു. സിഎഎ ഭരണഘടനയോടുള്ള വെല്ലുവിളിയെന്നും റഹീം പറഞ്ഞു.
തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.