കരിപ്പൂർ വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇന്ന് തുടങ്ങും.
ആറ് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിലെ സാമൂഹികാഘാത പഠനത്തിനും ഇന്ന് തുടക്കമാവും.
മൂന്ന് മാസത്തിനകം സാമൂഹികാഘാത പഠനവും, പ്രത്യേക വിദഗ്‌ധ സമിതി പരിശോധനയും നടത്തും. കൊണ്ടോട്ടി നഗരസഭാ പരിധിയിലും, പള്ളിക്കൽ പഞ്ചായത്തിലുമായി പതിനാലര ഏക്കറോള ഭൂമിയാണ് റൺവേ വികസനത്തിനായി ഇനി ഏറ്റെടുക്കേണ്ടത്. അതേസമയം, ഭൂമി ഏറ്റെടുക്കലിനെതിരെ പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു. സാമൂഹികാഘാത പഠനമുൾപ്പെടെ നടത്തിയതിന് ശേഷമേ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാവൂ എന്നായിരുന്നു ഇവരുടെ ആവശ്യം.
ഭൂമി ഏറ്റെടുക്കൽ ചെലവ് സംസ്ഥാന സർക്കാറാണ് വഹിക്കുക. നഷ്‌ടപരിഹാരം സംസ്ഥാന സർക്കാർ തന്നെ ഭൂവുടമകൾക്ക് നേരിട്ട് കൈമാറും. ആറ് മാസത്തിനകം ഭൂമി ഏറ്റെടുക്കാൻ ലക്ഷ്യമിട്ടാണ് നടപടിക്രമങ്ങളെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ വ്യക്തമാക്കിയിരുന്നു.