കളമശ്ശേരി പോളിടെക്‌നിക് കേളേജിലെ മെന്‍സ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കാൻ പോലീസ്. കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയ പൂർവ്വ വിദ്യാർഥികളായ ആലുവ സ്വദേശിയായ ആഷിഖ്, ഷാലിക് എന്നിവരാണ് ആണ് പിടിയിലായത്. പോളി ടെക്‌നിക്കില്‍നിന്ന് സെമസ്റ്റര്‍ ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിഖ്. ഇവരാണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് തൃക്കാക്കര എസിപി പി.വി ബേബി പറഞ്ഞു.
പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. ശനിയാഴ്ച രാത്രിയാണ് പോലീസ് ആഷിക്കിനെയും ഷാലിക്കിനെയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിക്കിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കും. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ നിരന്തരം ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നാണ് വിവരം.
ഇയാള്‍ ലഹരിവിതരണക്കാരനാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന ആളാണോ, എവിടെനിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുക. പൂര്‍വവിദ്യാര്‍ഥിയാണ് കഞ്ചാവ് എത്തിച്ചത് എന്ന വിവരം നേരത്തേ പോലീസിന് ലഭിച്ചിരുന്നു.
സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് നേരത്തെ പോലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. ചെറിയ അളവാണ് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞ് ഇവരെ പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.
ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷമാണ് നടത്തുക. ഇതിലൂടെ ലഹരി വില്‍പ്പന നടത്തുന്നവരിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്.