കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ നിർണ്ണായകമായത് പ്രിൻസിപ്പലിൻ്റെ കത്ത്. പോലീസിനെ വിവരം അറിയിച്ചത് കോളേജ് പ്രിൻസിപ്പൽ കൊച്ചി ഡി.സി.പിക്ക് അയച്ച കത്തിലൂടെയാണ്. ഹോളി ദിവസം ലഹരിമരുന്ന് ഉപയോഗമുണ്ടാകാൻ സാധ്യതയുണ്ടെന്നും ക്യാമ്പസിന് അകത്തും പുറത്തും നിരീക്ഷണം ശക്തമാക്കണമെന്നും പ്രിൻസിപ്പൽ അയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൽ ഡോ. ഐജു തോമസ് മാർച്ച് 12 നാണ് പൊലീസിന് കത്ത് നൽകിയത്. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പോലീസ് റെയ്ഡ് നടത്തിയത്.
വെള്ളിയാഴ്ച ഉച്ചമുതല്‍ ഹോളി ആഘോഷിക്കുവാന്‍ കോളേജിലെ വിദ്യാര്‍ഥികള്‍ തീരുമാനിച്ചതായി കത്തില്‍ പറയുന്നു. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗമുണ്ടാകുമെന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്ന് വിവരമുണ്ട്. വിദ്യാര്‍ഥികള്‍ പണപ്പിരിവ് നടത്തുന്നുണ്ട്. അതിനാല്‍ കാംപസിനുള്ളില്‍ പോലീസ് സാന്നിധ്യമുണ്ടാവണം. നിരീക്ഷണം ശക്തമാക്കണം. കാംപസിന് പുറത്തും ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരെ ഇടപെടല്‍ നടത്തണമെന്നുമാണ് കത്തിലെ ഉള്ളടക്കം.
അതേസമയം, അന്വേഷണം പൂർവ്വ വിദ്യാർത്ഥികളിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. 1.9 കിലോ കഞ്ചാവുമായി പിടിയിലായ ആകാശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റുരണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ സ്വദേശി ആഷിക്കിനേയും കൂടെയുണ്ടായിരുന്ന മറ്റൊരാളേയുമാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇരുവരും കളമശ്ശേരി ഗവ. പോളിടെക്നിക്കിലെ പൂര്‍വ വിദ്യാര്‍ഥികളാണ്.