അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഭൂമി തട്ടിപ്പു കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം.
ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി അഞ്ചുമാസത്തിനു ശേഷമാണ് സോറന് ജാമ്യം ലഭിക്കുന്നത്. അറസ്റ്റിനു ശേഷം സോറൻ റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽ കഴിയുകയായിരുന്നു. ജനുവരി 31നാണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനു തൊട്ടുമുൻപ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇ.ഡി നടപടിയ്ക്കെതിരെ ഇപ്പോഴും പ്രതിപക്ഷ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത്.
വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് ഇ.ഡി റജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിനിടെ നേതാവിന് ജാമ്യം ലഭിച്ചത് ഝാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം)ക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ട്. ജെ.എം.എം എക്സിക്യൂട്ടീവ് പ്രസിഡന്റാണ് സോറൻ. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കേ ലഭിച്ച ജാമ്യം ഇന്ത്യാ സഖ്യത്തിനു ആശ്വാസം നല്‍കുന്നതാണ്. കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്ന് സോറന്റെ മറ്റൊരു അഭിഭാഷകയായ മീനാക്ഷി അറോറയും വ്യക്തമാക്കി. ഝാർഖണ്ഡ് നിയമസഭാ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു.