ഗാസയിൽ കര വഴിയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രയേൽ സൈന്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തവും പ്രധാനവുമായ കടന്നുകയറ്റമാണ് ഗാസയിലേക്ക് നടക്കുന്നതെന്ന് ഇസ്രയേൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിൽ ഒരു പുരോഗതിയും കൈവരിക്കാനാകാത്തതിനെത്തുടർന്ന് വ്യാഴാഴ്‌ച രാത്രി ഇസ്രയേൽ യുദ്ധ കാബിനറ്റ് ഗാസയിൽ തങ്ങളുടെ കര ആക്രമണം വിപുലീകരിക്കാനുള്ള തീരുമാനമെടുത്തതായി ഇസ്രയേലി ഉദ്യോഗസ്ഥർ പറഞ്ഞു.മറുവശത്ത് ഇസ്രയേൽ ആക്രമണങ്ങളോട് പൂർണ ശക്തിയോടെ പ്രതികരിക്കുമെന്ന് ഹമാസും പറഞ്ഞു.
സംഘർഷം രൂക്ഷമാവുകയും മേഖലയിൽ ഇസ്രയേൽ സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ ഗാസയിൽ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ തകരാറിലായി. ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, നിലവിൽ 2.3 ദശലക്ഷം ആളുകളാണ് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നത്.
ഹമാസ് കുഴിച്ച തുരങ്കങ്ങളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും ഇസ്രയേൽ യുദ്ധവിമാനങ്ങൾ നിരന്തരം ആക്രമണം നടത്തുന്നുണ്ടെന്ന് ഇസ്രയേൽ സൈനിക വക്താവ് ഹഗാരി പറഞ്ഞു.ഗാസയുടെ വടക്കൻ ഭാഗത്ത് ഇസ്രയേൽ കര ആക്രമണം വ്യാപകമാക്കിയതിനാൽ പലസ്‌തീനികളോട് തെക്കൻ ഗാസയിലേക്ക് നീങ്ങാനുള്ള തന്റെ ആഹ്വാനവും അദ്ദേഹം ആവർത്തിച്ചു.