തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ ഡോ.ഹാരിസിന്റെ പരാതികള്‍ ശരിവച്ച് അന്വേഷണ റിപ്പോർട്ട്. ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്ന് തുറന്ന് പറഞ്ഞ ഡോ.ഹാരിസിന്റെ പരാതികള്‍ അന്വേഷണ സമിതി ശരിവച്ചതായി റിപ്പോർട്ട്. ഉപകരണങ്ങള്‍ക്ക് വേണ്ടി മൂന്ന് മാസത്തെ വരെ കാത്തിരിപ്പുണ്ടായി. ഡോ.ഹാരിസ് സമയബന്ധിതമായി അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിക്കുന്നതിന് ആറ് മാസം വരെ വൈകിയെന്നും റിപ്പോർട്ടില്‍ പരാമർശിക്കുന്നു. ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ കാലതാമസമുണ്ടെന്നും രോഗികള്‍ പിരിവുനൽകി ഉപകരണങ്ങള്‍ വാങ്ങേണ്ടിവരുന്നെന്നും റിപ്പോർട്ടിലുണ്ട്.
ഡോക്ടർ ഹാരിസ് തുറന്നുപറഞ്ഞ അന്ന് മൂന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. തൊട്ടടുത്ത ദിവസം വകുപ്പില്‍ ശസ്ത്രക്രിയ നടന്നു. ഇത് മറ്റൊരു ഡോക്ടറുടെ സ്വന്തം ഉപകരണം ഉപയോഗിച്ചായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഡിസംബറില്‍ നല്‍കിയ അപേക്ഷയില്‍ ജൂണിലാണ് അഡ്മിനിട്രേറ്റീവ് അനുമതി നല്‍കിയത്. സാമ്പത്തിക അധികാരമില്ലായ്മയാണ് കാല താമസത്തിന് കാരണമായത്. വില വർധന കാരണം സൂപ്രണ്ടിന് കൂടുതല്‍ പർച്ചേസിംഗ് പവർ വേണം.
ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ 4000 രൂപ വരെ പിരിവിട്ട് ഉപകരണം വാങ്ങേണ്ടിവന്നതായി രോഗികള്‍ വിദഗ്ധ സമിതിയോട് വെളിപ്പെടുത്തി. ചികിത്സ പ്രതിസന്ധി ഡോക്ടർ ഹാരിസ് തുറന്ന് പറഞ്ഞ ദിവസം യൂറോളജി വിഭാഗത്തില്‍ ലിതോക്ലാസ്റ്റ് പ്രോബ് ഇല്ലാത്തതിനാല്‍ മൂന്ന് ശസ്ത്രക്രിയകള്‍ മുടങ്ങി. തൊട്ടടുത്ത ദിവസം വകുപ്പിലെ രണ്ടാമത്തെ യൂണിറ്റില്‍, യൂണിറ്റ് മേധാവി സ്വന്തം നിലയില്‍ വാങ്ങിവച്ച ഉപകരണം ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നാമത്തെ യൂണിറ്റ് ചീഫും പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. സദ്ദുശേപരമാണ് ഡോക്ടറുടെ തുറന്നുപറച്ചില്‍ എന്നതില്‍ വിദഗ്ധ സമിതിക്കും സംശയമില്ല.
ഉപകരണങ്ങള്‍ എത്തിക്കുന്നതിലെ കാലതാമസത്തിന് കാരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കൂടുതല്‍ സാമ്ബത്തിക അധികാരമില്ലാത്തതും ഉപകരണങ്ങളുടെ വിലവർധനയുമാണ്. അതിനാല്‍ സൂപ്രണ്ടിന് കൂടുതല്‍ പർച്ചേസിംഗ് പവർ വേണം. ഇത്രയൊക്കെ വിദഗ്ധ സമിതി റിപ്പോർട്ടിലുണ്ടെന്നിരിക്കെയാണ് ആരോഗ്യമന്ത്രി ഡോ. ഹാരിസിനെ സംശയനിഴലില്‍ നിർത്തി, ഒരു ഉപകരണം കാണാതായെന്ന റിപ്പോർട്ടിലെ പരാമർശം മാത്രം മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. റിപ്പോർട്ട് ഓദ്യോഗികമായി പുറത്തുവിടാൻ ആരോഗ്യവകുപ്പ് ഇനിയും തയ്യാറായിട്ടില്ല.