ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്ന പേരില്‍ അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. യു.എസ് ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ബാദര്‍ ഖാന്‍ സൂരിയാണ് അറസ്റ്റിലായത്. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യൻ പൗരനും പോസ്റ്റ്ഡോക്ടറൽ ഫെലോയുമായ ബദർ ഖാൻ സൂരിയെ കസ്റ്റഡിയിലെടുത്തതായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിനെ (ഡിഎച്ച്എസ്) ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി വിര്‍ജീനിയയിലെ വീട്ടില്‍ നിന്ന് ബാദറിനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന് വ്യക്തമാക്കിയ ഇവര്‍ ബാദറിന്റ വിസ സര്‍ക്കാര്‍ റദ്ദാക്കിയതായും അറിയിച്ചു. ജൂതവിരുദ്ധത പ്രചരിപ്പിച്ചതിനും പലസ്തീൻ ഭീകര സംഘടനയായ ഹമാസുമായി ബന്ധമുണ്ടെന്ന ആരോപണത്തിൻ്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.
ബാദറിന് തീവ്രവാദ ബന്ധമുള്ളതായും ആരോപണമുണ്ട്. ബാദര്‍ സൂരി സമൂഹ മാധ്യമങ്ങളിലൂടെ ജൂതവിരുദ്ധത പ്രോത്സാഹിപ്പിച്ചു. ഹമാസിന്റെ മുതിര്‍ന്ന ഉപദേശകനുമായി സൂരിക്ക് അടുത്ത ബന്ധമുണ്ട്. സൂരിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നിന്നായതിനാല്‍ അദേഹത്തെ നാടുകടത്താന്‍ വിധിച്ചുകൊണ്ട് 2025 മാര്‍ച്ച് 15ന് സ്റ്റേറ്റ് സെക്രട്ടറി തീരുമാനം പുറപ്പെടുവിച്ചുവെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലാഫ്‌ലിന്‍ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
വാഷിംഗ്ടണ്‍ ഡിസിയിലുള്ള ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ എഡ്മണ്ട് എ. വാല്‍ഷ് സ്‌കൂള്‍ ഒഫ് ഫോറിന്‍ സര്‍വീസിലെ അല്‍വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്ലീം-ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍ഡിങില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോയാണ് ഡോ. ബാദര്‍ ഖാന്‍ സൂരി. ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ നെല്‍സണ്‍ മണ്ടേല സെന്റര്‍ ഫോര്‍ പീസ് ആന്റ് കോണ്‍ഫ്‌ളിക്സ് റെസല്യൂഷനില്‍ നിന്ന് പീസ് ആന്റ് കോണ്‍ഫ്‌ളിക്സ് സ്റ്റഡീസില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
അതേസമയം പാലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയും ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യു.എസ് വിസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം സ്വമേധയാ നാട്ടിലേക്ക് മടങ്ങിയിരുന്നു. ജൂതവിരുദ്ധത ആരോപിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി രഞ്ജനി ശ്രീനിവാസൻ തടങ്കലിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുകടത്തപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം. കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. രഞ്ജനി ഹമാസിനെ പിന്തുണച്ച് പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നാണ് യുഎസ് ആരോപിക്കുന്നത്. ഇതോടെ വിസ റദ്ദാക്കുകയായിരുന്നു.
യുഎസിലെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭരണകൂടം വിദേശ വിദ്യാര്‍ത്ഥികളുടെ മേല്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.