ട്വന്‍റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ മടങ്ങിയെത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇന്ത്യന്‍ ടീമുമായുള്ള ചാര്‍ട്ടേഡ് വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. പുലര്‍ച്ചെ മുതല്‍ ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ കാത്തുനില്‍ക്കുന്നത്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്.
രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയ താരങ്ങൾ നരേന്ദ്ര മോദിയെയും സന്ദർശിച്ചു. താരങ്ങളെ മോദി നേരിട്ട് അഭിനന്ദിച്ചു. വിജയാഘോഷങ്ങൾക്കായി ടീമംഗങ്ങൾ മുംബൈയ്ക്ക് തിരിച്ചു. വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. ബാർബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം.
താരങ്ങള്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, കുടുബാംഗങ്ങള്‍ എന്നിവര്‍ക്കായി ബി.സി.സി.ഐ. പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. ബുധനാഴ്ച അതിരാവിലെ തന്നെ വിമാനം ബാര്‍ബഡോസ് വിമാനത്താവളത്തില്‍ എത്തി. കിരീടനേട്ടത്തിനുശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ‘ബെറില്‍’ ചുഴലിക്കാറ്റ് ആഞ്ഞടിഞ്ഞത്. ഇതോടെ ബാര്‍ബഡോസിലെ വിമാനത്താവളവും അടച്ചു. കാറ്റഗറി നാലില്‍പ്പെടുന്ന ചുഴലിക്കാറ്റും മഴയും കാരണം ടീമിന് മൂന്നുദിവസമായി ഹോട്ടലില്‍ തുടരേണ്ടിവന്നു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. ബി.സി.സി.ഐ. ഇടപെട്ടാണ് പ്രത്യേകവിമാനം ഏര്‍പ്പാടാക്കിയത്.
ആഘോഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ താരങ്ങള്‍ സിംബാബ്വേയിലെ ഹരാരയിലെത്തും. ടീമിലുള്‍പ്പെട്ടവരാണ് അങ്ങോട്ടേക്കുപോകുക. സ്വീകരണച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്ന സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവരെ സിംബാബ്വേക്കെതിരേയുള്ള ആദ്യ രണ്ട് ടി 20 മത്സരങ്ങളില്‍നിന്ന് ഒഴിവാക്കിയത്.