മോദിയുടെ 11 വർഷത്തെ ഭരണം സുവർണ്ണ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. സമാധാനത്തിന്റെയും വികസനത്തിന്റെയും കാര്യത്തിൽ രാജ്യത്തിൻ്റെ ചരിത്രം രചിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത് മുന്നോട്ട് കുതിക്കുമ്പോൾ കേരളം പിന്നിലാണെന്നും അമിത് ഷാ പറഞ്ഞു. കൊച്ചിയിൽ മനോരമ ന്യൂസ് സംഘടിപ്പിച്ച ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മോദിയുടെ ഈ 11 വർഷത്തെ ഭരണം സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും 11 വർഷം മുമ്പ് എവിടെയായിരുന്നോ അവിടെത്തന്നെയാണ് കേരളം ഇപ്പോഴും നിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നതിൽ തനിക്ക് ഖേദമുണ്ടെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും എന്നാൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉണ്ടാക്കിയ സ്തംഭനാവസ്ഥ സംസ്ഥാനത്തിൻ്റെ വളർച്ചയെ തടഞ്ഞുനിർത്തിയെന്നും അമിത് ഷാ വിമർശിച്ചു. വരും വർഷങ്ങളിൽ വോട്ടവകാശം വിനിയോഗിച്ച് കേരളത്തിലെ ജനങ്ങളും ദേശീയ വികസന യാത്രയിൽ പങ്കാളികളാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതിയും വലിയ തോതില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ടടിച്ചു. എന്നാല്‍ അധികാരമേറ്റതിന് പിന്നാലെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനം ലക്ഷ്യമിട്ടുള്ള നയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്കരിച്ചു. മന്‍മോഹന്‍ സിങിന്‍റെ കാലത്ത് പിന്നിലായി കിടന്ന ഇന്ത്യയെ ഇന്ന് ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തില്‍ തുടങ്ങി രാജ്യത്തെ സമസ്ത മേഖലകളിലും വികസനം കൊണ്ടുവന്നു. ഒട്ടും വൈകാതെ ഭീകരവാദവും നക്സലിസവും രാജ്യത്ത് നിന്നും തുടച്ചുനീക്കപ്പെടുമെന്നും അമിത് ഷാ മനോരമ ന്യൂസ് കോൺക്ലേവിൽ പറഞ്ഞു.
രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നയങ്ങള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന് അമിത് ഷാ പറഞ്ഞു. പ്രത്യേകിച്ചും ജമ്മുകശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി. മോദിയുടെ കാലത്തെ ചരിത്രം സുവര്‍ണാക്ഷരങ്ങളാല്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.