‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിപ്പടരുന്നതിനിടെ നടൻ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പിന്റെ നോട്ടിസ് അയച്ചു. മുൻചിത്രങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് വ്യക്തത തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങളാണ് തേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ആദായ നികുതി വകുപ്പിന്റെ സ്വാഭാവിക നടപടിയാണ് താരത്തിനെതിരെ സ്വീകരിച്ചതെന്നാണ് വിവരം. പൃഥ്വിരാജ് നിര്‍മാണ കമ്പനിയുടെ പേരിൽ പണം കൈപ്പറ്റിയതിനെ കുറിച്ചാണ് വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ പരിശോധന എമ്പുരാനുമായി ബന്ധപ്പെട്ടല്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണമെന്ന് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, വ്യവസായിയും എമ്പുരാന്റെ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയിഡ് തുടരുകയാണ്. വിദേശനാണയ വിനിമയച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇ.ഡി പരിശോധന.
ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ ഇന്നലെ ചെന്നൈയിലേക്ക് വിളിപ്പിച്ച് ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഗോകുലം ഗോപാലന്റെ മൊഴി പരിശോധിച്ച ശേഷമാകും ഇ.ഡി സംഘം തുടർ നടപടികളിലേക്ക് കടക്കുക. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലന്റെ വടകരയിലുള്ള വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.