പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറിയ സംഭവത്തിൽ ഒൻപതു പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. അതീവ സുരക്ഷാ മേഖലയായ പൊന്നമ്പല മേട്ടിലേക്ക് പൂജ നടത്തിയ നാരായണ സ്വാമിയെ കടത്തിവിട്ടത് പ്രദേശവാസികളായ കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ (കെഎഫ്‌ഡിസി) ജീവനക്കാരാണെന്ന് വനം വകുപ്പ് പറയുന്നു. 3000 രൂപ കൈപ്പറ്റിയാണ് ജീവനക്കാർ നാരായണ സ്വാമിയെ സംരക്ഷിത വനമേഖലയിലേക്ക് കടത്തിവിട്ടത്. കെഎഫ്‌ഡിസി കോളനിയിലെ താമസക്കാരനായ രാജേന്ദ്രൻ കറുപ്പയ്യ (51), സാബു മാത്യു (49) എന്നിവരെ വനം വകുപ്പ് അറസ്റ്റു ചെയ്തു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പൂജ നടത്തിയ നാരായണൻ, ഒരു കുമളി സ്വദേശി, 5 തമിഴ്നാട് സ്വദേശികൾ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘമെത്തിയത്. ഈ മാസം എട്ടിനാണ് സംഘം പൊന്നമ്പലമേട്ടിൽ എത്തിയത്. പൊന്നമ്പലട്ടിൽ പൂജ നടത്തിയ നാരായണനെ ഉടൻ കസ്റ്റഡിയിൽ എടുക്കാൻ കഴിയുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്.സംഭവത്തിൽ കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തേക്കും. നാരായണന്റെ നേതൃത്വത്തിൽ ആറ് പേരുടെ സംഘമാണ് പൊന്നമ്പലമേട്ടിൽ പൂജകൾ നടത്തിയത്. സംഘത്തിലുള്ളവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. മൂന്ന് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.