മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെ ഡയറക്ടറാക്കാൻ വേണ്ടി യോഗ്യതയിൽ ഐഎച്ച്ആർഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായി സാങ്കേതിക സർവകലാശാല ഡീൻ. ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് വേണ്ട യോഗ്യതയിലാണ് ഭേദഗതി വരുത്തിയത്. അധ്യാപന പരിചയത്തിന് വേണ്ട യോഗ്യതയ്ക്ക് പകരം അഡീഷണൽ ഡയറക്ടറുടെ പ്രവർത്തി പരിചയം മതിയെന്നാണ് ഭേദഗതി വരുത്തിത്. ചട്ടവിരുദ്ധമായി ഗവേണിംഗ് ബോഡിക്ക് പകരം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് യോഗ്യത ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ നൽകിയത്. സംഭവത്തിൽ ഡീൻ ഹൈക്കോടതിയെ സമീപിച്ചു.
നായനാർ സർക്കാരിന്റെ കാലത്താണ് ഐഎച്ച്ആർഡി അസിസ്റ്റന്റ് ഡയറക്ടറായി അരുൺകുമാർ നിയമിതനാകുന്നത്. നേരത്തെയും യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അരുൺ കുമാറിനെ ഐഎച്ച്ആർഡിയിൽ നിയമിച്ചതെന്ന പരാതി ഉയർന്നിരുന്നു. അന്ന് അഡീഷണൽ ഡയറക്ടറായി നിയമിച്ചതും സ്ഥാനക്കയറ്റം നൽകിയതും നിയമവിരുദ്ധമാണെന്ന കേസിൽ വിജിലൻസ് അന്ന് ക്ലീൻചിറ്റ് നൽകിയിരുന്നു.