ഇടുക്കിയിലെ ശാന്തൻപാറയിലും ചിന്നക്കനാലിലും ഭീതിപരത്തിയിരുന്ന അരിക്കൊമ്പനെ പിടികൂടാൻ ഹൈക്കോടതി ഉത്തരവ്. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അരിക്കൊമ്പനെ പിടികൂടുന്നതിന്റെ സോഷ്യല്‍ മീഡിയ ആഘോഷങ്ങള്‍ വേണ്ട എന്നും കോടതി കൂട്ടിച്ചേര്‍ത്തു. റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം.
അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ശുപാര്‍ശയുള്ളത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. എന്നാല്‍ പറമ്പിക്കുളം എന്തുകൊണ്ട് ശിപാര്‍ശ ചെയ്തു എന്ന് ഹൈകോടതി ചോദിച്ചു, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പറ്റില്ലേയെന്നും കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ അവിടെ നിലവിലുളള മൃഗങ്ങളുമായി ഏറ്റുമുട്ടലിന് സാധ്യതയില്ലെയെന്നും കോടതി ചോദിച്ചു. മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കും? എറെ സമയം എടുക്കില്ലേ? ആനയെ തടവിലാക്കണോ, പുനരധിവസിപ്പിക്കണോ എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കട്ടെയെന്ന് കോടതി പരാമര്‍ശിച്ചു. മനുഷ്യ- മൃഗ സംഘര്‍ഷത്തെപ്പറ്റി സര്‍ക്കാരിന് മുന്നില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്‍ എസ് അരുണ്‍, പ്രൊജക്ട് ടൈഗര്‍ സിസിഎഫ് എച്ച് പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് വെറ്റിനേറിയനുമായ ഡോ എന്‍ വി കെ അഷ്‌റഫ്, കോടതി നിയമിച്ച അമിക്കസ്‌ക്യൂറി അഡ്വ രമേശ് ബാബു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ചിന്നക്കനാലില്‍ എത്തിയ അഞ്ചംഗ സംഘം പ്രദേശവാസികള്‍ അടക്കമുളളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വിദഗ്ധസമിതി ഇടുക്കി സിങ്കുകണ്ടത്തെ സമരപന്തല്‍ സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.