2026ലെ ടി20 ലോകകപ്പ് ഔദ്യോഗിക ഷെഡ്യൂൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. ടൂർണമെന്റ് 2026 ഫെബ്രുവരി 7ന് ആരംഭിക്കും. 2026 ഫെബ്രുവരി 7ന് കൊളംബോയിൽ പാകിസ്ഥാനും നെതർലാൻഡ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് 2026 ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഫൈനൽ മാർച്ച് 8ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. രണ്ട് സെമിഫൈനലുകളും കൊൽക്കത്തയിലും മുംബൈയിലുമായി നടക്കും. ആതിഥേയരും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടു. ഫെബ്രുവരി 15ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇരുടീമും ഏറ്റുമുട്ടും.
പാകിസ്ഥാൻ ഫൈനലിൽ എത്തിയാൽ കൊളംബോയിലായിരിക്കും മത്സരം നടക്കുക. 2024 ലെ ടി20 ലോകകപ്പ് വിജയിച്ച ക്യാപ്റ്റനും ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ രോഹിത് ശർമ്മയെ 2026 ലെ ടി20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറാകും. പത്ത് വർഷത്തിന് ശേഷമാണ് ടി20 ലോകകപ്പ് ഇന്ത്യയിൽ തിരിച്ചെത്തുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യുഎഇ, ഒമാൻ, വെസ്റ്റ് ഇൻഡീസ്, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ, അയർലൻഡ്, ഇംഗ്ലണ്ട്, നെതർലാൻഡ്‌സ്, ഇറ്റലി, നേപ്പാൾ എന്നിങ്ങനെ ആകെ 20 ടീമുകൾ അടുത്ത വർഷം നടക്കുന്ന ലോകകപ്പില്‍ കളിയ്ക്കും.

