പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് പേര് കളര്‍ സ്പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ഓടിയർത്തി സ്പ്രേ പ്രയോഗിച്ചു. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളാണ് ചാടിയതെന്ന് വിവരം. മഞ്ഞ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നത്. ഇവരെ എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് കീഴടക്കിയത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേര് എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. അതിക്രമത്തിന്റെ സാഹചര്യത്തിൽ സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റി.
പാര്‍മെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എം.പിമാരെല്ലാം സുരക്ഷിതരാണ്. ഒരു യുവതി അടക്കം നാല് പേര് കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ട്. കൃത്യം നടത്തിയവരില്‍ ഒരു യുവാവിനെ എം.പിമാര്‍ തന്നെയാണ് പിടിച്ചുവച്ചത്. ഞൊടിയിടയില്‍ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടാമത്തെയാളെയും കീഴ്പ്പെടുത്തി സഭയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയത്ത് ലോക്സഭയ്ക്ക് പുറത്തും രണ്ട് പേര് മുദ്രാവാക്യം വിളിക്കുകയും സ്പ്രേ പ്രയോഗിക്കാനും ശ്രമിച്ചു. ഇവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ്സിഖ് സംഘടനകള്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
അതിക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ് പാർലമെന്റില്‍ സുരക്ഷാ വിന്യാസം കൂട്ടി. ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയർ ഗ്യാസോ അതല്ലെങ്കിൽ കളര്‍ സ്പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തിൽ നിന്നുളള കോൺഗ്രസ് എംപിമാര്‍ പ്രതികരിച്ചു.