ശബരിമലയിലെ അനിയന്ത്രിതമായ തിരക്കും ഇപ്പോഴത്തെ സാഹചര്യവും പ്രതീക്ഷിച്ചതല്ലെങ്കിലും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ നിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു. വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. 100 പേര് നിൽക്കേണ്ട സ്ഥലത്ത് 200 പേരെ നിർത്തരുതെന്നും ക്യൂ നിൽക്കുന്നവരെ കൃത്യമായി പരിപാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമലയിലേക്കുള്ള പ്രവേശനം ഉചിതമായ ക്രമീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും കോടതി ആവര്‍ത്തിച്ചു.
വെര്‍ച്ചൽ ക്യൂ, സ്പോട്ട് ബുക്കിങ് ഇല്ലാത്തവരെ കയറ്റരുത്, സ്പോട്ട് ബുക്കിങ് എണ്ണം കുറക്കണമെന്നും വെര്‍ച്ചൽ ക്യൂ, സ്പോട്ട് ബുക്കിങ് ഇല്ലാതെ വരുന്നവരെ സന്നിധാനത്തേക്ക് പറഞ്ഞുവിടണ്ട എന്നും കോടതി നിർദ്ദേശിച്ചു. സ്പോട്ട് ബുക്കിംഗ് കുറയ്‌ക്കണം. വെർച്വൽ ക്യൂ ബുക്കിംഗ് 80,000 വരെ എത്തുന്ന ദിവസങ്ങളിൽ സ്പോട്ട് ബുക്കിംഗ് 10,000 ആക്കി കുറക്കണമെന്ന് ദേവസ്വം ബോർഡിനോടും ഹൈക്കോടതി നിർദ്ദേശിച്ചു. തിരക്കിനെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളം കാത്ത് കിടക്കുന്ന എരുമേലിയിലെ സ്ഥിതിയെന്താണെന്നും കോടതി ആരാഞ്ഞു.
ക്യൂ കോംപ്ലക്സുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവ 24 മണിക്കൂറും വൃത്തിയായി സൂക്ഷിക്കണം. ഇതിനായി ആവശ്യമായ ജീവനക്കാരെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആളെ കയറ്റാൻ കൂടുതൽ കാലി ബസുകൾ നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് അയക്കണമെന്നും ഇതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി.