താമരശേരിയിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യപേക്ഷ തള്ളി ഹൈക്കോടതി. 6 വിദ്യാർത്ഥികൾക്കും ജാമ്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം നൽകിയാൽ വിദ്യാർത്ഥികൾക്ക് സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി വിലയിരുത്തി. ജാമ്യം നൽകിയാൽ ക്രമസമാധാന ഭീഷണി ഉണ്ടാകും, കുട്ടികളുടെ ജീവനും ഭീഷണി ഉണ്ടാകും – കോടതി അറിയിച്ചു.
ജാമ്യം നൽകുന്നതിനെ എതിർത്ത് ഷഹബാസിൻ്റെ പിതാവ് കക്ഷി ചേർന്നിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളായ ഹർജിക്കാർ ആഴ്ചകളായി കസ്റ്റഡിയിലാണെന്നും, ആയതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ ആവശ്യം. എന്നാൽ ഹർജിക്കാർ തടങ്കലിൽ അല്ലെന്നും കോഴിക്കോട് ജുവനൈൽ ഹോമിലാണ് പാർപ്പിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ജാമ്യം നിഷേധിച്ച് കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.