സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പ് നടത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ എല്ലാ ജില്ലകളിലെയും കളക്ടർമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
മഴക്കെടുതികൾ നേരിടുന്നതിനായി റവന്യൂ, പൊലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശവും പുറപ്പെടുവിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം അനുസരിച്ച് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.