ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന ഹിമാചലിൽ ജനങ്ങളോട് വീടിന് പുറത്ത് ഇറങ്ങരുതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു. അടുത്ത 24 മണിക്കൂർ വീടിനുള്ളിൽ തന്നെ കഴിയണമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും മണിക്കൂറിൽ ശക്തമായ മഴയാണ് ഹിമാചലിൽ പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച റെക്കോർഡ് മഴയായിരുന്നു ഹിമാചലിൽ രേഖപ്പെടുത്തിയത്. മഴക്കെടുതിയിൽ 14 മരണങ്ങളുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 13 ജില്ലകളിൽ 10 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുകയാണ്. ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഹരിയാണ, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലാണ് അതിശക്തമായ മഴ പെയ്യുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മിന്നൽ പ്രളയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. ‘ഇന്ത്യയിലെ വിവിധയിടങ്ങളിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രാദേശിക ഭരണകൂടം, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്. സംഘം മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്’ എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മണാലിയിലും ഷിംലയിലും കടകളും വാഹനങ്ങളും ഒലിച്ചുപോയി. ഷിംലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മണ്ണിടിച്ചിലിൽ മരിച്ചു. പഞ്ചാബിലും ഹരിയാണയിലും കനത്തമഴ തുടരുകയാണ്. ഉത്തർപ്രദേശിൽ കൗശാംബിയിൽ മരക്കൊമ്പ് വീണ് 10 വയസ്സുകാരി മരിച്ചു. ശനിയാഴ്ച ബല്ലിയയിൽ മിന്നലേറ്റ് രണ്ടുപേരാണ് മരിച്ചത്. മലയാളികൾ അടക്കമുള്ളവർ കുളു മണാലിയിൽ കുടുങ്ങികിടക്കുന്നതായും റിപോർട്ടുകൾ ഉണ്ട്.