അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നൽകിയിട്ടുള്ളത്. ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളത്തും കാസർകോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ വരെ തുടര്‍ച്ചയായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കണ്ടോൾ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂർ എന്നി ജില്ലകളിലാണ് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി ദേശിയ ദുരന്ത പ്രതികരണ സേനയെ സജ്ജമാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ആലപ്പുഴയില്‍ വീടുകളില്‍ വെള്ളം കയറി. പത്തനംതിട്ട കുരുമ്പന്‍മൂഴിയില്‍ 250 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പമ്പാ നദിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് പത്തനംതിട്ട പെരുനാട് പഞ്ചായത്തിലെ അരയാഞ്ഞിലിമൺ , മുക്കം കോസ് വേകൾ മുങ്ങി. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.