കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസ്സഹമാവുകയാണ്. ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തണുപ്പ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങൾക്ക് പുറമേ, ഉത്തർപ്രദേശിലെ കൂടുതൽ ഇടങ്ങളിലേക്ക് മധ്യപ്രദേശിലേക്കും മൂടൽമഞ്ഞ് വ്യാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. അടുത്ത രണ്ട് ദിവസം കൂടി മൂടൽമഞ്ഞ് അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡിസംബർ 29, 30 തീയതികളിൽ പ്രദേശത്തെ സ്‌കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.
ജനുവരി 2 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മൂടല്‍മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചു. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഉത്തരേന്ത്യൻ മേഖലയിൽ നിരവധി തീവണ്ടികൾ വൈകി ഓടുകയാണ്. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ റോഡ് യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചില ട്രെയിനുകള്‍ റദ്ദാക്കിയപ്പോള്‍, മിക്കവയും വൈകിയാണ് സര്‍വീസ് നടത്തുന്നത്.
ദില്ലി – ഹൗറ റൂട്ടിലെ രാജധാനി എക്സ്പ്രസ് ഉൾപ്പെടെ ഡസൻ കണക്കിന് ട്രെയിനുകൾ 10 മണിക്കൂര്‍ മുതൽ 12 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. വിമാന സര്‍വ്വീസിനെയും മൂടല്‍മഞ്ഞ് ബാധിച്ചു. പലതും വൈകിയാണ് സര്‍വീസ് നടത്തുന്നത്. അടുത്ത അഞ്ച് ദിവസങ്ങളിൽ കുറഞ്ഞ താപനില ഏഴ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നാണ് കണക്കുകൂട്ടല്‍. ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ്, റെയില്‍, വ്യോമ ഗതാഗതം സംബന്ധിച്ച അപ്ഡേറ്റുകള്‍ കൃത്യമായി പരിശോധിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.