അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കും. ഇന്ന് പരിഗണിച്ച സുപ്രീംകോടതി പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു. പത്തു ദിവസത്തിനകം മറുപടി നൽകണം. ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച് ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
ഏതു സമയം വേണമെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും ഉടനടി തീരുമാനം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തൻ്റെ കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുമായി ബന്ധമുള്ളതിനാൽ കേസ് കേൾക്കുന്നതിൽ നിന്ന് പിൻമാറുന്ന കാര്യം ജസ്റ്റിസ് ഗവായ് ആദ്യം സൂചിപ്പിച്ചു. എന്നാൽ ഇരുകക്ഷികളും ഇത് വിഷയമല്ലെന്ന് വ്യക്തമാക്കിയതോടെ വാദം തുടരുകയായിരുന്നു.