കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കുപറ്റിയ ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് മാറ്റിയത്. കഴിഞ്ഞ ഞായറാഴ്ച അപകടം നടന്നതിന് ശേഷം ഉമാ തോമസ് അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു ചികിത്സയിൽ തുടർന്നിരുന്നത്. വീഴ്ച്ചയുടെ ആഘാതത്തിൽ തലക്കും, നട്ടെല്ലിനും ശ്വാസകോശത്തിനുമായിരുന്നു ഏറ്റവും കൂടുതൽ പരിക്കേറ്റത്. ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ സംഘം അറിയിച്ചു. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. ഉമ തോമസ് ഡോക്ടർമാരുമായും മക്കളോടും സംസാരിച്ചു.
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ആരോഗ്യസ്ഥിതി വിലയിരുത്തുന്നത്. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് നിലനിൽക്കുന്നുണ്ടെങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പൂർണമായി ആരോഗ്യനിലയിൽ മുന്നേറ്റമില്ലെങ്കിലും മികച്ച പുരോഗതിയുണ്ട്. ഇന്ന് രാവിലെ എംഎൽഎ ബന്ധുക്കളോടും സഹപ്രവർത്തകരോടും സംസാരിച്ചിരുന്നു.
കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയിൽനിന്ന വീണാണ് ഉമാ തോമസിന് ഗുരുതര പരിക്കേറ്റത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ എംഎൽഎയെ അതീവ ഗുരുതര അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. പരിപാടിയിലെ സുരക്ഷാ വീഴ്ചയിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ എഴുന്നേറ്റ് ഇരുന്നു. കഠിനമായ ശരീര വേദന തുടരുകയാണ്. സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ മക്കളുമായി പേപ്പറിൽ എഴുതി സംസാരിച്ചു. വാടക വീട്ടിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനെ കുറിച്ചാണ് പേപ്പറിൽ എഴുതിയത്. ‘വാരി കൂട്ടണം എല്ലാ സാധനങ്ങളും’ എന്ന് മാത്രം കുറിച്ചു. കൊച്ചി റിനെ മെഡിസിറ്റിയിലാണ് ഉമ തോമസ് ചികിത്സയിൽ കഴിയുന്നത്.
ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ കലൂർ സ്റ്റേഡിയത്തിൽ താത്കാലിക വേദിയിൽ നിന്ന് വീണ് ആണ് ഉമ തോമസിന് ഗുരുതരമായി പരുക്കേൽക്കുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ VIP ഗ്യാലറിയിലെ ബാരിക്കേഡ് തകർന്ന് താഴേക്ക് വീഴുകയായിരുന്നു. പരിപാടിയിലെ സുരക്ഷാ വീഴ്ചയിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.