കാട്ടാന ആക്രമണത്തില്‍ ആറളം ഫാമില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ലീല എന്നിവരാണ് മരിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.സബ് കളക്ടർ സ്ഥലത്തെത്തിയിട്ടും ആംബുലൻസ് കൊണ്ടുപോകാൻ അനുവദിക്കാതിരുന്ന നാട്ടുകാർ ഒടുവിൽ പൊലീസ് നടത്തിയ ചർച്ചക്ക് ഒടുവിലാണ് അയഞ്ഞത്. വനം മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് കണ്ണൂരിലെത്തും. വൈകിട്ട് മൂന്ന് മണിക്ക് സർവകക്ഷിയോഗം ചേരും.
അതിനിടെ തുടര്‍ച്ചയായ വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ആറളം പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വീതം ആദ്യഗഡു ഇന്ന് നല്‍കും.
ആറളം ഫാം പുനരധിവാസ മേഖലയില്‍ പതിമൂന്നാം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇവരുടെ വീടിന് സമീപത്താണ് സംഭവം. കശുവണ്ടിത്തോട്ടത്തില്‍ വെച്ച് കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ഇവരെ ആക്രമിച്ചത്. സ്ഥിരമായി ആനകളിറങ്ങുന്ന സ്ഥലം കൂടിയാണ് ഇവിടം. പലതവണ തുരത്തിയിട്ടും ആനകള്‍ തിരികെ വരാറുണ്ട്.
ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വനാതിർത്തിയിൽ ആന മതിൽ നിർമാണം രണ്ട് വർഷം മുൻപ് തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. വന്യമൃഗ ശല്യത്തെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ വീടൊഴിഞ്ഞുപോയിരുന്നു. പതിമൂന്നാം ബ്ലോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോഴാണ് ഇന്നലെ ഉച്ചയോടെ വെള്ളിയെയും ലീലയെയും ആന ആക്രമിച്ചത്. വീടിനു പിന്നിൽ പതിയിരുന്ന കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ സ്ഥലത്തുതന്നെ മരിച്ചു.