വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ദൊമ്മരാജു ഗുകേഷ്. 14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ഗുകേഷ്. 18 വയസും എട്ട് മാസവും 14 ദിവസവുമാണ് ഗുകേഷിന്റെ പ്രായം. 22-ാം വയസില്‍ ലോകചാമ്പ്യനായ ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് ഇതോടെ മറികടന്നത്.
നേരത്തെ ആവേശം അവസാനറൗണ്ടുവരെ നീണ്ട കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ജേതാവായാണ് ദൊമ്മരാജു ഗുകേഷ് ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യതനേടിയത്. ഇതോടെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടുന്ന, കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ ജേതാവാകുന്ന പ്രായംകുറഞ്ഞ താരമായി ഗുകേഷ് മാറിയിരുന്നു. ഏഴാം വയസ്സില്‍ കരുനീക്കംതുടങ്ങിയ ഗുകേഷ് ലോകറാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള അഞ്ചുപേരെ പിന്തള്ളിയാണ് ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യതനേടിയത്. വിശ്വനാഥന്‍ ആനന്ദിനുശേഷം കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായിരുന്നു ഗുകേഷ്.
വേരുകള്‍ ആന്ധ്രാപ്രദേശിലാണെങ്കിലും ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ ദേശമായ ചെന്നൈയില്‍നിന്നുതന്നെയാണ് ഗുകേഷിന്റെ വരവ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി(വാക)യുടെ സന്തതിയാണ്. 2020 മുതല്‍ ഇവിടെ പരിശീലിക്കുന്നു. ചെന്നൈയിലെ വേലമ്മാള്‍ വിദ്യാലയ സ്‌കൂളില്‍ പഠിക്കവേ ഏഴാം വയസ്സില്‍ ചെസ് കളി തുടങ്ങി. 12 വയസ്സും ഏഴുമാസവും 17 ദിവസവുമായപ്പോള്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തി. 2750 എലോ റേറ്റിങ് നേടുന്ന പ്രായംകുറഞ്ഞയാളും കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ പ്രായംകുറഞ്ഞ താരവുമായി. ഈ വിജയത്തിലൂടെ, 40 വര്‍ഷം പഴക്കമുള്ള ഗാരി കാസ്പറോവിന്റെ റെക്കോഡും ഗുകേഷ് മറികടന്നു.
2015-ല്‍ അണ്ടര്‍-9 ഏഷ്യന്‍ സ്‌കൂള്‍ ചെസ് വിജയം നേടിയ ഗുകേഷ് 2018-ല്‍ വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പ് വിജയം. (അണ്ടര്‍-12) നേടി. ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം. 2019-ല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ചു. 2021-ല്‍ ജൂലിയസ് ബെയര്‍ ചലഞ്ചേഴ്സ് വിജയം. 2022 ഏഷ്യന്‍ ഗെയിംസില്‍ ടീം ഇനത്തില്‍ വെള്ളി, ചെസ് ഒളിമ്പ്യാഡില്‍ ഒന്നാം ബോര്‍ഡില്‍ സ്വര്‍ണമെഡല്‍, 2700 എലോ റേറ്റിങ് മറികടന്നു, ലോകചാമ്പ്യനായശേഷം മാഗ്‌നസ് കാള്‍സണെ തോല്‍പ്പിക്കുന്ന പ്രായംകുറഞ്ഞ താരമായി. 2023-ല്‍ 2750 എലോ റേറ്റിങ് പോയിന്റ് മറികടന്നു, വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഫിഡേ റേറ്റിങ്ങില്‍ മുന്നിലുള്ള ഇന്ത്യക്കാരനായി. കാന്‍ഡിഡേറ്റ്സ് ചെസ്സിന് യോഗ്യത നേടി. ഒപ്പം ഏഷ്യന്‍ ചെസ് ഫെഡറേഷന്‍ വര്‍ഷത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഒടുവില്‍ ലോകചാമ്പ്യനും.