ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ ഒരു സമ്മര്‍ദ്ദവും വിലപ്പോവില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റുകളാക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. താൻ സമ്മർദത്തിന് വഴങ്ങുന്നയാളല്ലെന്ന് ഗവർണർ വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. അതില്‍ നിന്ന് പിന്‍മാറില്ല. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ അസ്വസ്ഥനാണ്. കോടതി വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ നടന്ന മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുത്തു