കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ബിജെപിയുടെ പ്രതീക്ഷ ഉള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ജോർജ് കുര്യന്റെ കാലാവധി ഈ വരുന്ന ജൂണിൽ അവസാനിക്കും.
മധ്യകേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളിൽ ശക്തരായ സിറോ മലബാർ വിഭാഗത്തിന്റെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെ അണിനിരത്തുക എന്നാണ് സൂചന. കാഞ്ഞിരപ്പള്ളിയുടെ തൊട്ടടുത്ത മണ്ഡലങ്ങളായ പൂഞ്ഞാറിൽ പി.സി. ജോർജ്, പാലയിൽ ഷോൺ ജോർജ് എന്നിവരും മത്സരിക്കുന്നതോടെ മൂന്നിടത്തും താമര വിരിയുമെന്ന വൻ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. കോൺഗ്രസ് നേതാവായിരുന്ന മുൻ കാഞ്ഞിരപ്പള്ളി എംഎൽഎ ജോർജ് ജെ. മാത്യു അടക്കമുള്ള പ്രമുഖർ എൻഡിഎ മുന്നണിയിൽ എത്തിയതും പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.
അതിനിടെ ശോഭാ സുരേന്ദ്രൻ പാലക്കാടും പത്മജ വേണുഗോപാൽ തൃശൂരും മത്സരിക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജാ വേണുഗോപാൽ ഇത്തവണ ബിജെപി ടിക്കറ്റിൽ തൃശ്ശൂരിൽ അങ്കം കുറിക്കും. തൃശ്ശൂർ പത്മജക്ക് സുപരിചിതം ആണെന്നതും സുരേഷ് ഗോപിയുടെ പിന്തുണയും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് ആറിന് കൊച്ചിയിൽ മോദിയെത്തും. എൻഡിഎയുടെ പ്രകടന പത്രിക മോദി അന്ന് പുറത്തിറക്കും. മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.

