തിരുവനന്തപുരം: നിയമസഭ പാസാക്കിയതും ഗവർണർ ഒപ്പിടാത്തതും ആയ ബില്ലുകളെ സംബന്ധിച്ച് നാലു മന്ത്രിമാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. മന്ത്രിമാർ രാജ്ഭവനിൽ നേരിട്ട് എത്തിയാകും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നൽകുക. ഇന്ന് രാത്രി 8 മണിക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം ബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കുകയില്ല എന്നാണ് സൂചനകൾ
പാസാക്കിയ 8 ബില്ലുകളിലാണ് മന്ത്രിമാർ എത്തി വിശദീകരണം നൽകുന്നത്. മന്ത്രിമാരായ പി. രാജീവ്, ആർ.ബിന്ദു, വി.എൻ വാസവൻ, ജെ.ചിഞ്ചു റാണി എന്നിവരാണ് ഗവർണറെ കാണാൻ രാജ് ഭവനിൽ എത്തുന്നത്.
കെ റ്റി യു വി സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ പാനലിൽ നിന്നും തീരുമാനമെടുക്കുന്നത് വേഗത്തിൽ ആക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ആവശ്യപ്പെടാൻ സാധ്യതയുണ്ട്. വി സി നിയമനത്തിനുള്ള പാനൽ നൽകാൻ സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ വിധിക്കെതിരെ അപ്പീൽ പോകാനാണ് രാജ്ഭവന്റെ ആലോചന എന്നാണ് ലഭിക്കുന്ന വിവരം. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ, സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബിൽ, ലോകയുക്ത ബിൽ, മിൽമ ഭരണസമിതി ഭേദഗതി ബിൽ തുടങ്ങിയവയിലാണ് ഗവർണർ ഉപ്പു വയ്ക്കാത്തത്. ഗവർണർ നാളെ വൈകിട്ട് വീണ്ടും ദില്ലിയ്ക്ക് പോകും