മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്‌കാരം ശിവജി പാര്‍ക്കില്‍ വെള്ളിയാഴ്ച വൈകുന്നേരം നടക്കും.
1995-99 കാലഘട്ടത്തിലായിരുന്നു മനോഹർ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവ് കൂടിയായിരുന്നു മനോഹർ ജോഷി. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മനോഹർ ജോഷി വാജ്പേയ് സർക്കാരിൻ്റെ കാലത്ത് ലോക്സഭാ സ്പീക്കർ ആയിരുന്നു.
1937 ഡിസംബർ രണ്ടിന് മഹാരാഷ്ട്രയിലെ റയ്‌ഗാഡ് ജില്ലയിലായിരുന്നു മനോഹർ ജോഷിയുടെ ജനനം. അധ്യാപകനായിരുന്ന മനോഹർ ജോഷി 1967ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ആര്‍എസ്എസിലൂടെയാണ് മനോഹര്‍ ജോഷി പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹം ശിവസേനയില്‍ അംഗത്വമെടുത്തു. 1980കളില്‍, ജോഷി ശിവസേനയ്ക്കുള്ളിലെ ഒരു പ്രധാന നേതാവായി ഉയര്‍ന്നുവന്നു, അദ്ദേഹത്തിന്റെ സംഘടനാ വൈദഗ്ധ്യവും പൊതുജന്ങള്‍ക്കിടയിലുണ്ടായിരുന്ന സ്വീകാര്യതയും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് വലിയ ഗുണം ചെയ്തു. പിന്നീട് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ അടിയറവ് പറയിപ്പിച്ച് 1995ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മനോഹര്‍ നിയമിതനായി. കോണ്‍ഗ്രസിന്റെ ശരദ് പവാറിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലെത്തുന്നത്. പാര്‍ലമെന്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2002 മുതല്‍ 2004 വരെ ലോക്‌സഭാ സ്പീക്കറായിരുന്നു.