തിരുവനന്തപുരം: ന്യൂമോണിയയെ തുടർന്ന് നെയ്യാറ്റിൻകര ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. എ ഐ സി സി സജ്ജമാക്കിയ ചാർട്ടേഡ് വിമാനത്തിലാണ് ഉമ്മൻചാണ്ടിയെ കൊണ്ടുപോയത്. അർബുദ രോഗവുമായി ബന്ധപ്പെട്ട തുടർ ചികിത്സയ്ക്കായാണ് അദ്ദേഹത്തെ ബാംഗ്ലൂരിലേക്ക് മാറ്റിയത്. മുൻപ് ചികിത്സ നടത്തിയിരുന്ന എച്ച് സി ജി ആശുപത്രിയിലേക്ക് തന്നെയാണ് കൊണ്ടുപോയത്. അവിടെ ഡോ. വികാസ് റാവുവിന്റെ നേതൃത്വത്തിൽ ആയിരിക്കും തുടർ ചികിത്സ.
ഉമ്മൻചാണ്ടിയെ ബാധിച്ചിരുന്ന ന്യൂമോണിയ പൂർണ്ണമായും മാറികഴിഞ്ഞാൽ വിദഗ്ധ ചികിത്സയ്ക്കായി ബാംഗ്ലൂരിലേക്ക് കൊണ്ടുപോകുന്ന കാര്യം നേരത്തെ തീരുമാനിച്ചിരുന്നു. ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോയത്.
തനിക്ക് ചികിത്സ ലഭിച്ചിട്ടുണ്ട്. നിംസ് ആശുപത്രിയിൽ നല്ല ചികിത്സ ലഭിച്ചു. വന്നപ്പോഴേതിനേക്കാൾ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മറുപടിയുമായി മകൻ ചാണ്ടി ഉമ്മൻ രംഗത്തെത്തി. ചികിത്സയ്ക്ക് കുടുംബം സഹകരിക്കുന്നില്ല എന്നുള്ള ആരോപണം തെറ്റായ പ്രചാരണം ആണെന്നും ഉമ്മൻചാണ്ടിയ്ക്ക് കൃത്യമായ ചികിത്സ നൽകുന്നുണ്ടെന്നും അതിന്റെ രേഖകൾ തന്റെ പക്കൽ ഉണ്ടെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.