മുതിർന്ന അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായിരുന്ന കെ.പി ദണ്ഡപാണി അന്തരിച്ചു. 79 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായി ചികിൽസയിലായിരുന്നു. കൊച്ചിയിൽ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഭാര്യ സുമതി ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയാണ്
ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്‍റുമായിരുന്നു കെ.പി.ദണ്ഡപാണി. 1968ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 1972 ൽ കൊച്ചിയിൽ ദണ്‍ഡപാണി അസോസിയേറ്റ്സ് തുടങ്ങി. നിയമരംഗത്തെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞ് 1996ൽ ഹൈക്കോടതി ജഡ്ജിയായി. 5 മാസത്തിനുശേഷം ഗുജറാത്ത് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം. കൊച്ചിവിടാൻ ഇഷ്ടപ്പെടാതിരുന്ന ദണ്ഡപാണി ഹൈക്കോടതി ജഡ‍്ജി സ്ഥാനം രാജിവെച്ച് വീണ്ടും അഭിഭാഷകനായി. ദണ്ഡപാണി സിവിൽ , ക്രിമിനൽ, കമ്പനി നിയമങ്ങളിലെല്ലാം വിദഗ്ധനായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം രാജ്യത്തെ പ്രമുഖ കമ്പനികളുടെ നിയമവ്യവഹാരങ്ങളിൽ അഭിഭാഷകനായി.
രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന ദണ്ഡപാണി ഉമ്മൻചാണ്ടി മന്ത്രിസഭയെ പല ആപൽസന്ധികളിൽ നിന്ന് രക്ഷിച്ച നിയമവിദഗ്ധൻ കൂടി ആയിരുന്നു. മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.