ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ടു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അന്തിമ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും ഉണ്ടാകുക. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ചിലരെ നിലനിര്‍ത്തിയും മറ്റു ചിലരെ ഒഴിവാക്കിയുമാണ് അന്തിമ പട്ടിക. സാധ്യതാ പട്ടികയിലുണ്ടായിരുന്നതുപോലെ ആലത്തൂരിൽ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണൻ തന്നെയായിരിക്കും മത്സരിക്കുക. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജ എംഎല്‍എ വടകരയിലും ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും. പൊന്നാനിയിൽ മുന്‍ മുസ്ലീം ലീഗ് നേതാവ് കെഎസ് ഹംസ സിപിഎം സ്ഥാനാര്‍ത്ഥിയാകും. പൊന്നാനിയിൽ പൊതുസ്വതന്ത്രനായിട്ടാണ് ഹംസയെ മത്സരിപ്പിക്കുന്നത്.
മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫ് സ്ഥാനാര്‍ത്ഥിയാകും. വിപി സാനു, അഫ്സല്‍ എന്നിവരുടെ പേരും ഇവിടേക്ക് നേരത്തെ പരിഗണിച്ചിരുന്നു. ചാലക്കുടിയിൽ മുന്‍ മന്ത്രി സി രവീന്ദ്രനാഥ് മത്സരിക്കും. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെജെ ഷൈൻ ആയിരിക്കും മത്സരിക്കുക. യേശുദാസ് പറപ്പള്ളി, കെവി തോമസിന്‍റെ മകള്‍ രേഖാ തോമസ് എന്നീ പേരുകളും എറണാകുളത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും കെജെ ഷൈനിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പാലക്കാട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവനും കണ്ണൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും കാസര്‍കോട് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്മണനും ആറ്റിങ്ങലില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എയും മത്സരിക്കും. കൊല്ലത്ത് എം മുകേഷ് എംഎല്‍എയുമായിരിക്കും മത്സരിക്കുക
സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെയായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഒരു മന്ത്രിയടക്കം നാല് എംഎൽഎമാർ, മൂന്ന് സിപിഎം ജില്ലാ സെക്രട്ടറിമാർ എന്നിങ്ങനെ കരുത്തരായ നേതാക്കളെയാണ് ഇത്തവണ സിപിഎം ലോക്സഭ തെരഞ്ഞെടുപ്പിന് രംഗത്തിറക്കിയിരിക്കുന്നത്.