ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികളൊന്നും ഉണ്ടാകില്ല. ഉമ്മന്‍ചാണ്ടിയുടെ അന്ത്യാഭിലാഷ പ്രകാരമാണ് തീരുമാനം. അതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതികളൊന്നും വേണ്ടെന്ന് തീരുമാനിച്ചു. നാളെ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് പുതുപ്പളളിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കുക.
ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം പോലെ മതിയെന്നും മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഭാര്യ ചീഫ് സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു. കുടുംബത്തിന്‍റെ ആഗ്രഹം അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു.
ഉമ്മൻചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് നീങ്ങുകയാണ്. പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് യാത്ര മുന്നോട്ടുപോവുന്നത്. തിരുവനന്തപുരത്ത് നിന്നും രാവിലെ 7 മണിക്ക് ആരംഭിച്ച വിലാപ യാത്ര കടന്നുപോവുന്ന വഴിയോരങ്ങളിൽ എല്ലാം നിരവധി ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. ഉമ്മൻചാണ്ടിയുടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന തിരുവനന്തപുരത്തിന്റെ നഗരവീഥികളിലൂടെ വിലാപയാത്ര നീങ്ങിയപ്പോൾ വികാര നിർഭരമായ മുദ്രാവാക്യങ്ങളുമായി ആൾക്കൂട്ടം അനുഗമിച്ചു.