വ്യാജ മയക്കുമരുന്ന് കേസിൽ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് ഒടുവില്‍ നീതി ലഭിച്ചു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നൽകിയ ഹർജിയിൽ കോടതി ഉത്തരവ്. ഷീല പ്രതിയല്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. എക്സൈസ് പിടിച്ചെടുത്തത് ലഹരിവസ്തുവല്ലെന്നാണ് കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ഡിപ്പാർട്മെന്റിന്റെ പരിശോധനാഫലമെന്നും തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഷീല സണ്ണി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി.
അതിനിടെ ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്‍റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ബ്യൂട്ടീപാര്‍ലറിലെത്തി ഷീലയെ അറസ്റ്റ് ചെയ്തെന്നാണ് സതീശന്‍ നല്‍കിയ മൊഴി. എന്നാല്‍ സ്കൂട്ടറില്‍ നിന്നിറങ്ങിയ ഷീലയെ തടഞ്ഞു നിര്‍ത്തി പിടികൂടുകയായിരുന്നെന്നാണ് സതീശന്‍ നല്‍കിയ മൊഴി. ഇക്കാര്യങ്ങളും എക്സൈസ് ക്രൈംബ്രാഞ്ച് പരിശോധിക്കും.
ബ്യൂട്ടി പാർലർ ഉടമയായ നായരങ്ങാടി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയെ (51), മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ചത്. എന്നാൽ ഷീലയുടെ ബാഗിൽനിന്ന് എക്സൈസ് പിടിച്ചത് എൽഎസ്‌ഡി സ്റ്റാംപ് അല്ലെന്ന രാസപരിശോധനാ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കഥ മാറിയത്. ലഹരി വസ്തുക്കൾ കയ്യിൽ വയ്ക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്ക്കോടതികളിൽനിന്നു ഷീലയ്ക്കു ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നു ഹൈക്കോടതിയിൽനിന്നു ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്. മേയ് 12ന് കാക്കനാട് റീജനൽ ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഒരാഴ്ച മുൻപാണ് കോപ്പി കൈവശം കിട്ടിയത്.