ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങളുടെ മനോഭാവം മനസിലാക്കാന്‍ ഇടതുപക്ഷത്തിനു വേണ്ടത്ര സാധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത നിര്‍ണായക പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗോവിന്ദന്റെ പ്രതികരണം. കേരളത്തില്‍ വര്‍ഗീയധ്രുവീകരണം ഉണ്ടായെന്നും ക്രൈസ്തവരിലെയും എസ്എന്‍ഡിപിയിലെയും ഒരു വിഭാഗം ബിജെപിക്ക് അനുകുലമായി പ്രവര്‍ത്തിച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു. തൃശൂരില്‍ ബിജെപിക്കു സഹായമായത് ഇത്തരം സാഹചര്യമാണെന്നും കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് നേടാനായത് അപകടകരമായ സാഹചര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന ധാരണയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്തു. ഇതിനൊപ്പം ക്രൈസ്തവരിലെ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി ചിന്തിച്ചു. ബിഷപ്പുമാരുള്‍പ്പെടെ ബിജെപിയുടെ വിരുന്നുകളില്‍ പങ്കെടുക്കുന്ന നിലയുണ്ടായി. ഇത് തൃശൂരില്‍ ഉള്‍പ്പെടെ സ്വാധീനിച്ചു.
ഈഴവ, ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തിന് നഷ്ടമായി. തുഷാര്‍ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് രൂപീകരിച്ചതോടെ എസ്.എന്‍.ഡി.പിയിലേക്ക് ബി.ജെ.പി കടന്നുകയറി. ഒരു സീറ്റ് ബി.ജെ.പി നേടിയതാണ് ഏറ്റവും അപകടകരം. ക്രൈസ്തവരില്‍ ഒരു വിഭാഗം ബി.ജെ.പിക്ക് അനുകൂലമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ കോണ്‍ഗ്രസിന്‍റെ വോട്ടുചോര്‍ച്ച ക്രൈസ്തവര്‍ക്കിടയിലാണുണ്ടായതെന്നും എം.വി ഗോവിന്ദന്‍ വിശദീകരിച്ചു. പിണറായിയെയും കുടുംബത്തെയും മാധ്യമങ്ങള്‍ കടന്നാക്രമിച്ചുവെന്നും ഇത് ജനങ്ങളില്‍ സ്വാധീനമുണ്ടാക്കിയെന്നും തോല്‍വിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രനേതാക്കള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന നാല് മേഖലായോഗങ്ങള്‍ നടത്തുമെന്നും ഏതു വിശ്വാസിക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു